കാറല്‍ മാര്‍ക്സിന്റെ രണ്ടാം വരവ്

ഫെബ്രുവരി 28, 2013
View this document on Scribd
Advertisements

ഓഷോയും നീഷേയും വായിക്കപ്പെടുന്നു.

ഫെബ്രുവരി 28, 2013
View this document on Scribd

“ശരീരം ഒരു കടത്തുവഞ്ചി” – മാധവിക്കുട്ടിയുടെ കൃതികളെക്കുറിച്ചൊരു പഠനം.

ജൂണ്‍ 12, 2009

 

sareera

 രാത്രികള്‍ ഉറങ്ങിത്തീര്‍ക്കാനുള്ളതല്ല.
ഉണര്‍ന്നിരിക്കാനും ചിന്തിക്കാനുമുള്ളതാണ്‌.
എന്തൊരു വിശ്വാസം!
പ്രകൃതി അതിന്റെ മൂടുപടമഴിച്ച് ശാന്തമായിരുന്ന് സത്യങ്ങള്‍ വിളിച്ചുപറയുന്നത് രാത്രിയിലാണ്‌. അങ്ങനെയാണ്‌ മാധവിക്കുട്ടിയുടെ കഥകളും കവിതകളും വായിച്ചു തീര്‍‌ത്തത്.

വായനയ്ക്കിടയില്‍ ചോദ്യങ്ങള്‍… സംശയങ്ങള്‍… കണ്ടെത്തലുകള്‍.. എല്ലാം പകര്‍ത്തിവെച്ചു. ഒന്നിനുവേണ്ടിയുമല്ല, വെറുതെ.
 
മാധവിക്കുട്ടി സ്വന്തം കഥകളില്‍ പകര്‍ത്തിവെക്കുന്ന ലൈംഗികതയുടെ നിറക്കൂട്ടുകള്‍, കാമാര്‍‌ത്തയുടെ ജല്‍‌പനങ്ങളല്ലെന്നൊരു തോന്നല്‍… അങ്ങനെ പുരാണേതിഹാസങ്ങളുടെയും മന:ശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ ഒരു നോക്കിക്കാണല്‍…  നീണ്ട ഒരു ലേഖനം – “സെക്സും മരണവും മാധവിക്കുട്ടിയും”  – വീക്കിലിക്കയച്ചു.  “സ്ഥലപരിമിതി, നീളം കൂടിപ്പോയി, മാധവിക്കുട്ടി ആരുമല്ല….” അങ്ങനെ പല മറുപടികള്‍… ഞാനത് മടക്കിവെച്ചു.

ഒരു തെരഞ്ഞെടുപ്പുകാലം. മാധവിക്കുട്ടി ഒരു ചാനല്‍വഴി പ്രതികരിക്കുന്നു. സ്വതന്ത്രമായ, നിര്‍ഭയമായ വിലയിരുത്തല്‍.  ഞാനവരുടെ വിലാസം തേടിപ്പിടിച്ച് ഒരു കത്ത് സഹിതം ലേഖനം അവര്‍ക്കയച്ചുകൊടുത്തു. മൂന്നാം ദിവസം മാധവിക്കുട്ടി എന്റെ ഫോണില്‍ വിളിച്ചു.  നല്ല മഴയായിരുന്നു. ഞാന്‍ മഴ നനഞ്ഞുകൊണ്ട് എന്തോ ജോലി ചെയ്യുകയായിരുന്നു. ഞാന്‍ കയറിവന്ന് ഫോണെടുത്തു. മാധവിക്കുട്ടി പറഞ്ഞു, അവരുടെ കഥകള്‍ ഈ രീതിയില്‍ ആരും വിലയിരുത്തിയിട്ടില്ലത്രെ.  പിന്നെ ഏറെ നേരം സംഭാഷണം.

 എന്റെ ലേഖനം തൊട്ടടുത്ത ആഴ്ചകളിലായി ‘സമകാലിക മലയാള’ത്തില്‍ അച്ചടിച്ചുവന്നു. പിന്നെ പ്രണദ ബുക്സ് (കൊച്ചി) ഷാജിയുടെ കയ്യില്‍ പതിനായിരം രൂപ അവര്‍ ഏല്പ്പിച്ചെന്നു പറഞ്ഞു. പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഏര്‍പ്പാടാക്കി.  “ശരീരം ഒരു കടത്തുവഞ്ചി”

Click here to buy this book online from DC Books.


പട്ടിയെക്കുറിച്ചൊരന്വേഷണം (പുസ്തക പരിചയം)

ഏപ്രില്‍ 23, 2009

pattiye നാടെങ്ങും നാടകമത്സരങ്ങള്‍…
ഞങ്ങള്‍ നാലഞ്ച് പേരുടെ തലയില്‍ ഓഫീസും സീലുമുള്ള കളിയരങ്ങ്…  
റിഹേഴ്സലിന്‌ വെളിച്ചം മെഴുകുതിരികള്‍..
സ്ഥലം ട്യൂട്ടോറിയല്‍ കോളേജിന്റെ ഷെഡ്ഡുകള്‍..

മത്സരങ്ങള്‍ക്കായി നാടകം പിറക്കുന്നു.  “പട്ടിയെക്കുറിച്ചൊരന്വേഷണം”.  
ആര്‍ക്കും വേണ്ടാത്ത പട്ടി.. എങ്കിലും ലോകചരിത്രത്തിലും പുരാണേതിഹാസങ്ങളിലും ഫോക്ക് കഥകളിലും നിറഞ്ഞ് നില്‍ക്കുന്ന പട്ടി.
യജമാനന്റെ ജീവന്റെയും സ്വത്തിന്റെയും കാവല്‍ക്കാരന്‍ ! എന്നിട്ടും യജമാനന്റെ എച്ചിലിനായി കാത്തുകിടക്കാന്‍ വിധിക്കപ്പെട്ടവന്‍ !
നിസ്സഹായനായ മനുഷ്യനിലേക്ക് ഒരു പട്ടിയെ പറിച്ചു നട്ടു.

കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ ഈ നാടകം അവതരിപ്പിക്കപ്പെട്ടു.
സംസ്ഥാന തല നാടക മത്സരങ്ങളില്‍ പലതവണ സമ്മാനങ്ങള്‍ നേടി.
തുടര്‍ന്നു കൊതുകുപുരാണം, വഴിയോരത്തൊരു സര്‍ക്കസ്, പ്രതിക്കൂട്,
തുടലുകളുടെ താളം, ഉടുക്ക്, കര്‍ക്കിടകം എന്നിങ്ങനെ നാടകങ്ങള്‍ പലത്.
ചതിച്ച് കൊല്ലപ്പെട്ട രാജ്യസ്നേഹിയുടെ അടയാത്ത കണ്ണിലെ വറ്റാത്ത കണ്ണീരില്‍ പോലും മുട്ടയിട്ട് വിരിയിച്ച്, 
തൊട്ടടുത്തവന്റെ ചോരയ്ക്കായി കുഞ്ഞുങ്ങളെ പറപ്പിക്കുന്ന കൊതുകിന്റെ സ്വഭാവം !

ഏഴു നാടകങ്ങള്‍ ചേര്‍ന്ന് ഒരു പുസ്തകം സുഹൃത്തുക്കള്‍ പുറത്തിറക്കി.
കോഴിക്കോട്ടെ പ്രസാധകനായിരുന്ന ഷെല്‍‌വിയുടെ “മള്‍ബറി ബുക്സ്” വിതരണം ചെയ്തു.
സുഹൃത്തും ശിഷ്യനുമായ ടി.പി. രാജീവന്‍ സുഭദ്രമായ ഒരു പഠനം തയ്യാറാക്കിതന്നു.


താളത്രയം – നാടകം ജനിക്കുന്നു

മാര്‍ച്ച് 22, 2009

താളത്രയം | THAALATHRAYAMഭാരതത്തിന്റെ മുക്കിലും മൂലയിലും അടിയന്തരാവസ്ഥയുടെ ഉഷ്ണക്കാറ്റു അടങ്ങാതിരുന്ന കാലം! നാടന്‍ കലാസമിതികള്‍, ഗ്രന്ഥശാലകള്‍, ഒരു ഓഫീസോ ഫയലുകളോ ഒരു സീലോ ലെറ്റര്‍ പേഡോ ഒന്നുമില്ലാത്ത, കുറെ ചെറുപ്പക്കാരുടെ തലച്ചോറില്‍ മാത്രം നിലനിന്ന നാടക സമിതികള്‍… അങ്ങനെ ഒന്നായിരുന്നു പേരാമ്പ്രയിലെ ‘കളിയരങ്ങ്’ – ഞാനും കുറെ സഹൃദയരായ കൂട്ടുകാരും…. എന്‍റെ മനസ്സില്‍ എവിടെയോ നാടകം ഉണ്ടായിരുന്നു, വായിച്ചറിഞ്ഞ കുറെ നാടകബോധവും. പകല്‍ മുഴുവനും ഒരു സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍… ശമ്പളം ചായയും സിഗരറ്റും. രാത്രി കാലങ്ങളില്‍ വായന.. പിന്നെ പുറത്താരും അറിയാത്ത ബീടിവലിയും.

കാളിദാസന്റെ ശാകുന്തളം കയ്യില്‍ കിട്ടി. കേവലം ഒരു കരിവണ്ടിനെ കൊണ്ട് ശൌര്യം കാണിച്ച ദുഷ്യന്തനെ ശകുന്തള പ്രേമിക്കുന്നു. ശകുന്തളയും മഗ്ദലന മറിയവും എറണാകുളത്തെ സ്റ്റേഷന്‍ പരിസരത്ത് ഒരിക്കല്‍ കാണാനിടയായ ദേവിയും! ദേവി എന്‍റെ ക്ലാസ്മേറ്റ് ആണ്. ഒന്ന് മുതല്‍ അഞ്ചു വരെ ഒന്നിച്ചു പഠിച്ചവള്‍.

ഞാന്‍ രണ്ടാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു ദിവസം ഒരു പി.എസ്.സി. പരീക്ഷ എഴുതാന്‍ വേണ്ടി എറണാകുളത്ത് വണ്ടി ഇറങ്ങിയപ്പോള്‍ എന്‍റെ പേര് ഉറക്കെ വിളിച്ച് ചിരിച്ച് കൊണ്ട് എന്‍റെ അടുത്ത് വന്ന് എന്‍റെ കൈയ്ക്ക് കയറി പിടിച്ച് ചായയ്ക്ക് ക്ഷണിച്ച ദേവി! ഞാന്‍ അവളെത്തന്നെ നോക്കി. പഠിയ്ക്കുന്ന കാലത്ത് ചുരുളന്മുടിയുള്ള, മദാമ്മയുടെ നിറമുള്ള,  വെങ്കാരന്‍ കണ്ണുകളുള്ള ഇറക്കം കുറഞ്ഞ ഫ്രോക്കിട്ടു നടന്ന ദേവി!  ഇപ്പോള്‍ കയ്യിലും മുഖത്തും അവിടവിടെ ചലത്തിന്റെ ചെറിയ തടാകങ്ങള്‍ ഉള്ളവള്‍, എന്നാലും വെങ്കാരന്‍ കണ്ണിലെ തിളക്കം മായാത്ത ദേവി… ഞാന്‍ ഗുരുവായൂരപ്പന്‍ കോളേജില്‍ പഠിക്കുന്നു എന്ന് പറഞ്ഞപ്പോള്‍ അവളുടെ ശരീരത്തിലെ വ്രണങ്ങള്‍ പോലും നിറഞ്ഞു ചിരിച്ചു.. അവള്‍ എനിക്കായി സ്നേഹം വിളമ്പുമ്പോള്‍ അവള്‍ക്കു പിറകില്‍ ഇടംകൈ കൊണ്ടവളുടെ ചെലതുമ്പ് പിടിച്ച് കൊണ്ട് എന്‍റെ നേര്‍ക്ക്‌ ഭിക്ഷയ്ക്കായി കൈകള്‍ നീട്ടിയ ദേവിയുടെ മക്കള്‍…. രണ്ടു പെണ്മക്കള്‍.. എനിക്കത് സഹിക്കാനായില്ല.

ടെസ്റ്റ് എഴുതാന്‍ പോയ എന്‍റെ കീശയില്‍ പരിമിതമായ സമ്പത്ത്.. ഞാന്‍ നിരാശനായില്ല. എന്‍റെ സഹപാഠിയുടെ മക്കളുടെ കൈകള്‍ എങ്ങനെ ഞാന്‍ വെറുതെ മടക്കി അയക്കും. മുറിവാടക കൊടുക്കാനായി കരുതിവെച്ച കാശുണ്ട്. ഞാന്‍ ദേവിക്കും മക്കള്‍ക്കും ചായ വാങ്ങി കൊടുത്തു.

തീവണ്ടിയില്‍ കൂടെ യാത്ര ചെയ്ത പരിചയം മാത്രമുള്ള പയ്യന്നൂര്‍ക്കാരന്‍ സുഹൃത്തിന്റെ ഔദാര്യത്തില്‍ ഞാന്‍ അവന്‍റെ മുറിയില്‍ അന്തിയുറങ്ങി…. ഉറക്കമില്ല. ശകുന്തളയെയും മഗ്ദലന മറിയത്തെയും ദേവിയേയും മുഖാമുഖം നിര്‍ത്തി. പുതിയ കാലത്തിന്‍റെ ചെളിവെള്ള കുത്തൊഴുക്കില്‍ പെട്ട് റെയില്‍വേ സ്റ്റേഷന്റെ ഗുഡ്സ് ഷെഡിന്റെ ഓരത്തെ മാലിന്യകൂമ്പാരത്തില്‍ വന്നടിഞ്ഞു പോയ ദേവിയാണോ, നായാട്ടിനു വന്ന, പേരറിയാത്ത രാജാവിന്‍റെ കുഞ്ഞിനെ ഉദരത്തില്‍ വഹിച്ച ശകുന്തളയാണോ, പണക്കാരുടെ സേവയ്ക്കായി പരഗമനം ഇച്ഛിച്ച മഗ്ദലനയാണോ ആരാണ് പാപി? എന്നാലോചിച്ച് കിടന്നു. ജനലഴികളിലൂടെ പ്രഭാതം വന്ന് വിളിച്ചപ്പോള്‍,.. പി.എസ്.സി. പരീക്ഷ എഴുതി തോറ്റു. പക്ഷെ ഒരു നാടകം ജനിച്ചു.

ശകുന്തളയ്ക്കും മഗ്ദലനയ്ക്കും ദേവിയ്ക്കും ഒരേ മുഖം. ദുഷ്യന്തനും പണ്ഡിത പ്രമുഖനും തെരുവുഗുണ്ടയ്ക്കും പുരുഷന്‍റെതായ ഒരേ മുഖം. അധികാരത്തിന്റെ മുഖം…..! എഴുതാന്‍ കടലാസ്സില്ല. പഴയ സുവോളജി റെക്കോടിന്റെ പിന്‍താളില്‍ നാടകമെഴുതി. ആരെയും കാണിക്കാതെ അടക്കി വെച്ചു. ഒരു വര്‍ഷം കഴിഞ്ഞു. അപ്രതീക്ഷിതമായി ഒരു സന്ധ്യയ്ക്ക്‌ എനിയ്ക്കൊരു കമുകിന്‍ പാളചെരുപ്പും തോളത്തൊരു നിറകുടവും വെച്ചു തന്ന് അച്ഛന്‍ യാത്രപറഞ്ഞു. പതിനൊന്നു ദിവസം പിതൃ വിയോഗത്തിന്റെ പുല.

വടകരയില്‍ നിന്ന് കൃഷ്ണക്കുറുപ്പ് മാഷ്‌ വന്നു. (സംഗീത നാടക അക്കാദമി മെമ്പര്‍). മുരിങ്ങപ്പലപ്പെട്ടിയില്‍ പുതച്ചു മൂടി കിടന്ന നാടകവുമായി കുറുപ്പ് തൃശൂര്‍ക്ക് പോയി. സംഗീത നാടക അക്കാദമി സംസ്ഥാന നാടക മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏഴു നാടകങ്ങളില്‍ ഒന്ന് എന്‍റെ നാടകം ‘താളത്രയം’. കൃഷ്ണക്കുറുപ്പിന്റെ കലാസമിതിയായ മയ്യന്നൂര്‍ ജനനി കലാലയം ‘താളത്രയം’ അവതരിപ്പിച്ചു. പിന്നീട് അത് അച്ചടിക്കപ്പെട്ടു. ഡി.സി.ബി. യാണ് നാടകപുസ്തകം വിതരണം ചെയ്തത്.  ഡോ: ടി.പി സുകുമാരന്‍ അവതാരികയും ആര്‍ടിസ്റ്റ് നമ്പൂതിരി മനോഹരമായ കവറും വരച്ചുതന്നനുഗ്രഹിച്ചു. അങ്ങനെ 1985-ല്‍ ആദ്യ പുസ്തകം പുറത്തിറങ്ങി.